Kerala
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി വട്ടിപ്പലിശക്കാരനെന്ന് സൂചന. ഇതുസംബന്ധിച്ച നിര്ണായക തെളിവുകൾ എസ്ഐടി സംഘത്തിന് ലഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി സംഘം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ആധാരങ്ങൾ കണ്ടെത്തി. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു.
2020നുശേഷമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് വട്ടിപ്പലിശക്ക് പണം നൽകി തുടങ്ങിയത്. നിരവധി പേരുടെ ഭൂമിയാണ് ഇതിലൂടെ ഉണ്ണിക്കൃഷ്ണൻ പോറ്റി കുടുംബാംഗങ്ങളുടെയും തന്റെയും പേരിലേക്ക് മാറ്റിയത്.
ഇയാളുടെ വീട്ടിൽ അന്വേഷണ സംഘം ശനിയാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച പരിശോധന അർധരാത്രി പന്ത്രണ്ടരവരെ നീണ്ടു. പുളിമാത്ത് വില്ലേജ് ഓഫീസര്, പഞ്ചായത്ത് വാര്ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട സ്വർണമാണോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
Kerala
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ ഒരു പ്രതിക്കുകൂടി സർക്കാർ പരോൾ അനുവദിച്ചു. പതിനഞ്ചാം പ്രതി കല്യോട്ട് സ്വദേശി വിഷ്ണു സുരേന്ദ്രനാണു (സുര) പരോൾ അനുവദിച്ചത്.
ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണു പരോൾ. കഴിഞ്ഞയാഴ്ച പത്താം പ്രതി രഞ്ജിത്തിനും പരോൾ ലഭിച്ചിരുന്നു. ഇനി കേസിൽ ശിക്ഷിക്കപ്പെട്ട കണ്ണൂർ ചപ്പാരപ്പടവ് സ്വദേശി സുരേഷിന് മാത്രമാണ് പരോൾ ലഭിക്കാൻ ബാക്കിയുള്ളത്.
ഇയാളുടെ അപേക്ഷയും പരിഗണനയിലാണ്. കേസിലെ ഒന്നാം പ്രതി പീതാംബരൻ, മറ്റു പ്രതികളായ അശ്വിൻ, ഗിജിൻ, ശ്രീരാഗ്, രഞ്ജിത്, സജു എന്നിവരും പരോളിലാണ്. അനിൽ കുമാർ, സുധീഷ് എന്നിവർ പരോൾ കാലാവധി കഴിഞ്ഞ് തിരിച്ചു ജയിലിലേക്കു പോയി.
പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. 2019 ഫെബ്രുവരി 17നാണു പെരിയ കല്യോട്ട് ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി മോഷണത്തിൽ അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അന്വേഷണത്തിനു മുന്നേ വിധി എഴുതേണ്ട കാര്യമില്ല. അന്വേഷണത്തെ എതെങ്കിലും വിധത്തിൽ ബാധിക്കുന്ന ഒരു പരാമർശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. അന്വേഷണം കഴിഞ്ഞ് ആരൊക്കെ ജയിലിൽ പോകുമെന്ന് അപ്പോൾ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമന വിഷയത്തിൽ എൻഎസ്എസിന് അനുകൂലമായി വന്ന സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ലഭ്യമാക്കാൻ നിയമനടപടി സ്വീകരിക്കും. സുപ്രീംകോടതി അനുമതിയോടെ അതു നടപ്പാക്കും.
എല്ലാവരുടെയും ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുനമ്പം വിഷയത്തിൽ ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ മന്ത്രിസഭ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: ഫേസ്ബുക്കിൽ കമന്റിട്ടതിന്റെ പേരിൽ ഡിവൈഎഫ്ഐ പ്രവര്ത്തകനെ ആക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. ഒറ്റപ്പാലം വാണിയംകുളം പനയൂർ സ്വദേശി വിനേഷിന് മർദനമേറ്റ കേസിൽ സുർജിത്, ഹാരിസ്, കിരൺ എന്നിവരാണ് കോഴിക്കോട്ടു നിന്ന് പിടിയിലായത്.
സുർജിത്ത് ഡിവൈഎഫ്ഐ കൂനത്തറ മേഖലാ സെക്രട്ടറിയും ഹാരിസ് സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ്. കോയമ്പത്തൂർ - മംഗലാപുരം സെൻട്രൽ എക്സ്പ്രസിൽ കോഴിക്കോട് റെയില്വേ സ്റ്റേഷനിൽ വന്ന് ഇറങ്ങിയപ്പോഴാണ് മൂന്നുപേരും പിടിയിലായത്.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടേറിയറ്റ് അംഗമാണ് വിനേഷ്. ഡിവൈഎഫ്ഐ ഷൊര്ണൂര് ബ്ലോക്ക് സെക്രട്ടറി സി.രാകേഷിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നും രാകേഷ് ഉൾപ്പടെ മൂന്നുപേർ കൂടി അറസ്റ്റിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു.
രാകേഷിട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. എന്നാൽ സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.
Kerala
കൊച്ചി: മാസപ്പടിക്കേസിൽ വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയില് പോയ മാത്യു കുഴല്നാടൻ എംഎൽഎയുടെ നീക്കം സംശയകരമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ് ജോര്ജ്. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില് നടന്നത് നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ കോടതിയും ഹൈക്കോടതിയും വിജിലന്സ് അന്വേഷണത്തിന് സാധ്യതയില്ലെന്ന് കണ്ടെത്തി തള്ളിയതിനുശേഷമാണ് കുഴല്നാടന് സുപ്രീംകോടതിയെ സമീപിക്കുന്നത്. അതും ഹൈക്കോടതി കേസ് തള്ളി മാസങ്ങള്ക്ക് ശേഷം. ഇത് സംശയത്തിന് ഇട നല്കുന്നതാണ്.
രണ്ട് സ്വകാര്യ കമ്പനികള് നടത്തിയ അഴിമതി കമ്പനി ആക്ട് പ്രകാരമാണ് അന്വേഷിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി താൻ നൽകിയ പരാതിയിലും കേരള ഹൈക്കോടതിയുടെ നിര്ദ്ദേശം പരിഗണിച്ചും കേന്ദ്ര കോര്പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം നേരിട്ടാണ് എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത്.
എസ്എഫ്ഐഒയുടെ അന്വേഷണത്തില് മുഖ്യമന്ത്രിയുടെ മകള് കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതിയില് റിപ്പോര്ട്ട് സമര്പ്പിച്ചു കഴിഞ്ഞു. അതിനുശേഷം വീണ്ടും എന്തിനാണ് വിജിലന്സ് അന്വേഷണം എന്ന പ്രഹസനം സുപ്രീംകോടതിയില് കോണ്ഗ്രസ് നേതാവ് കാട്ടിയതെന്ന് മനസിലാകുന്നില്ലെന്നും ഷോണ് ജോര്ജ് വ്യക്തമാക്കി.
National
ന്യൂഡൽഹി: മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് ബി.ആർ.ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് കുഴൽനാടന്റെ പരാതി പരിഗണിക്കുക.
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ തുടങ്ങിയവർക്കെതിരേ വിജിലൻസ് അന്വേഷണം വേണമെന്ന മാത്യു കുഴൽനാടന്റെ ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതിയും കേരള ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കരിമണൽ കന്പനിയായ സിഎംആർഎല്ലിൽനിന്ന് മുഖ്യമന്ത്രിയുടെ മകളുടെ എക്സാലോജിക് കന്പനി കോടികൾ കൈപ്പറ്റിയെന്നാണു ഹർജിയിലെ ആരോപണം. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
National
ഗുവാഹത്തി: ഗായകനും സംഗീതജ്ഞനുമായ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. മാനേജരും പരിപാടിയുടെ സംഘാടകനും ചേർന്ന് സുബീന് വിഷം നൽകിയതാവാമെന്ന് സഹപ്രവർത്തകൻ മൊഴി നൽകിയതാണ് കേസിൽ വഴിത്തിരിവായത്.
നിലവിൽ സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർഥ് ശർമ്മയ്ക്കും സംഘാടകൻ ശ്യാംകാനു മഹന്തയ്ക്കും എതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ്. ഗാർഗിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ അസം സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
ഗുവാഹത്തി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ സൗമിത്ര സൈകിയ അധ്യക്ഷനായ സംഘമായിരിക്കും അന്വേഷണം നടത്തുക. കേസ് ഇപ്പോൾ ഇഡിയും ഇൻകം ടാക്സ് വിഭാഗവും ഉൾപ്പെടെയുള്ള ഉന്നത ഏജൻസികളാണ് അന്വേഷിക്കുന്നത്.
National
ലക്നോ: മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. യുപിയിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ അമ്മ സീമയും കാമുകൻ യതേന്ദ്രയുമാണ് അറസ്റ്റിലായത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം മറ്റൊരാളെ കേസിൽ കുടുക്കാൻ ഇവർ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
സമീപവാസിയായ വീട്ടമ്മ തന്റെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സീമ നരോറ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കുട്ടിയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സീമയും കാമുകൻ യതേന്ദ്രയും പിടിയിലായത്. മുന്നോട്ടുള്ള ജീവിതത്തിൽ കുട്ടി തടസമാകുമെന്ന് കരുതിയാണ് കൊല നടത്തിയതെന്ന് ഇവർ പോലീസിൽ മൊഴി നൽകി.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നരോരയിലെ കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സീമയും കാമുകനും സ്റ്റേഷനിൽ പരാതി നൽകിയതെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുപ്പ് ആരംഭിച്ച് അന്വേഷണ സംഘം. പരാതിക്കാരിൽ ഒരാളായ അഡ്വ. ഷിന്റോയുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നത്.
ആറു പരാതികളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ചിരിക്കുന്നത്. രാഹുലിനെതിരായ വെളിപ്പെടുത്തലുകളുടേയും ആരോപണങ്ങളുടേയും പശ്ചാത്തലത്തിൽ വിവിധ സ്റ്റേഷനുകളിൽ എത്തിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്.
അതേസമയം, ലൈംഗിക ആരോപണ കേസുകളിൽ യുവതികളിൽ നിന്ന് നേരിട്ട് പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ ശബ്ദരേഖകളുടെ ആധികാരികത പരിശോധിച്ച് അവരെ സമീപിച്ച് മൊഴിയെടുക്കാനും തീരുമാനമുണ്ട്.
Kerala
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിന് ആശ്വാസം. കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹോക്കോടതി സ്റ്റേ ചെയ്തു.
വിജിലൻസ് കോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു എം.ആർ. അജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റീസ് എ.ബദറുദീന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
നടപടി ക്രമങ്ങളില് പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സല്യൂട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥന് എങ്ങനെ അജിത് കുമാറിനെ ചോദ്യം ചെയ്യും എന്ന് ചോദിച്ച കോടതി, വിജിലന്സ് അന്വേഷണം പ്രഹസനമാണെന്നും പറഞ്ഞു. എഡിജിപിക്കെതിരായ കേസ് ജൂനിയര് ഉദ്യോഗസ്ഥന് അന്വേഷിക്കുന്നത് സുതാര്യ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എന്നാല് അന്വേഷണം നടത്തിയത് വിജിലന്സ് ഡിവൈഎസ്പിയാണെന്നും എസ്പിയുടെ മേല്നോട്ടത്തിലാണ് അന്വേഷണം നടത്തിയതെന്നും സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസ് നിലനില്ക്കുമെന്ന വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എഡിജിപി എം.ആര്. അജിത് കുമാര് ഹൈക്കോടതിയില് ഹര്ജി നല്കിയത്. ഹര്ജിയില് മുന് എംഎല്എ പി.വി. അന്വര് കക്ഷി ചേര്ന്നിരുന്നു.
Kerala
തൊടുപുഴ: ഇടുക്കിയിൽ മുതിർന്ന സിപിഎം നേതാവിനെ മകൻ ക്രൂരമായി മർദിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി ആണ്ടവർക്കാണ്(84) ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തിൽ മകൻ മണികണ്ഠനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം.
പിതാവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട മണികണ്ഠൻ, ടേബിൾ ഫാനും ഫ്ലാസ്കും ഉപയോഗിച്ച് ആണ്ടവരെ മർദിയ്ക്കുകയായിരുന്നു. സംഭവ സമയം വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. ആണ്ടവരുടെ തലയിലും മുഖത്തും അടിയേറ്റു.
സാരമായി പരിക്കേറ്റ ആണ്ടവരെ ആദ്യം തേനി മെഡിക്കൽ കോളജിലും തുടർന്ന് മധുര മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
മണികണ്ഠനെ രാജാക്കാട് പോലിസാണ് കസ്റ്റഡിയിൽ എടുത്തത്. രാജകുമാരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ദീർഘ കാലം സിപിഎം രാജാക്കാട് ഏരിയ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ച ആളാണ് ആണ്ടവർ.
Kerala
കൊച്ചി: റാപ്പർ വേടനെതിരെ വീണ്ടും ലൈംഗീകാരോപണ പരാതി. ഗവേഷക വിദ്യാർഥിയാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
2020ൽ കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് പോലീസ് വേടനെതിരെ കേസെടുത്തത്.
സംഗീത ഗവേഷണത്തിന്റെ പേരിൽ വേടനുമായി ഫോണിലൂടെ ബന്ധപ്പെട്ടുവെന്നും ഫ്ലാറ്റിലേക്ക് വരാൻ പറഞ്ഞ വേടൻ അവിടെ വച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിലുള്ളത്. ആ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറയുന്നു.
ലൈംഗീകാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പദപ്രയോഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. യുവതിയുടെ മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
പരാതിക്കാരി കേരളത്തിന് പുറത്താണുള്ളത്. മൊഴിയെടുക്കാൻ സൗകര്യപ്രദമായ സ്ഥലമോ തീയതിയോ അറിയിക്കണമെന്ന് പരാതിക്കാരിയോട് സെൻട്രൽ പോലീസ് ആവശ്യപ്പെട്ടു. വേടനെതിരായ മറ്റൊരു ബലാത്സംഗ പരാതി കേസിൽ ഹൈകോടതിയിൽ വാദം പൂർത്തിയായിട്ടുണ്ട്. ഈ മാസം 27ന് വിധി പറയും.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതജീവിതം പേറുന്ന ഹർഷിന വീണ്ടും സമരത്തിലേക്ക്. തനിക്കുനീതി നേടിത്തരാൻ സർക്കാരിനു സാധിച്ചില്ലെന്ന് ഹർഷിന ആരോപിച്ചു.
ഈ മാസം 29ന് കളക്ട്രേറ്റിനു മുന്നിൽ ഏകദിന സത്യാഗ്രഹം നടത്തും. 2017ൽ മൂന്നാമത്തെ പ്രസവത്തിനായി നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹർഷീനയുടെ വയറ്റിൽ ഡോക്ടർമാർ കത്രിക മറന്നുവച്ചത്.
തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയപ്പോൾ നടത്തിയ പരിശോധനയിൽ വയറ്റിൽ കത്രിക കണ്ടെത്തി. 1,736 ദിവസം കൊടിയ വേദനസഹിച്ചു ഹർഷിന. സംഭവത്തിൽ ശാസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും ഉൾപ്പെടെ നാലുപേരെ പ്രതി ചേർത്ത് മെഡിക്കൽ കോളജ് പോലീസ് 2023ൽ കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
2024 ജൂലൈ 20ന് വിചാരണ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും വിചാരണയ്ക്ക് സ്റ്റേ നേടിയെടുക്കുകയും ചെയ്തു. നേരത്തേയും ഹർഷിന സമരം നടത്തിയിരുന്നു. പക്ഷേ നീതി ലഭിച്ചില്ല.
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാം തനിക്കൊപ്പം ആണെന്ന് പറയുമ്പോഴും നീതി ലഭിച്ചില്ലെന്ന് ഹർഷിന പറയുന്നു. തന്റെ സമരത്തിനു പിന്നിൽ രാഷ്ട്രീയമില്ല. തന്റെ വേദനയ്ക്കും നഷ്ടങ്ങൾക്കും പരിഹാരം മാത്രമാണ് തേടുന്നത്. അത് വൈകുന്നതിൽ സങ്കടമുണ്ടെന്നും നീതി ലഭിക്കുംവരെ സമരം തുടരുമെന്നും ഹർഷിന വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂര് വെണ്ണിയൂരില് അസഭ്യം പറഞ്ഞതിലെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. വെണ്ണിയൂർ നെല്ലിവിള സ്വദേശിനി രാജത്തിനെയാണ് (54) പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.
വണ്ണിയൂര് നെല്ലിവിള നെടിഞ്ഞല് കിഴക്കരിക് വീട്ടില് അജുവിന്റെയും സുനിതയുടെയും മകള് അനുഷ(18) ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. രാജത്തിന്റെ മകൻ രണ്ടാമത് വിവാഹം കഴിച്ചിരുന്നു.
ഇതറിഞ്ഞ് ആദ്യ ഭാര്യ രാജത്തിന്റെ വീട്ടിലെത്തി. അനുഷയുടെ വീട്ടുവളപ്പിലൂടെയാണ് അവർ എത്തിയത്. ഇതിന്റെ പേരിലാണ് രാജം അനുഷയെ അസഭ്യം പറഞ്ഞത്. ഇതിൽ മനംനൊന്ത് അനുഷ ജീവനൊടുക്കുകയായിരുന്നു.
Kerala
കണ്ണൂര്: പഠിപ്പുമുടക്ക് സമരത്തിനിടെ പാചകതൊഴിലാളിയെ കൈയേറ്റം ചെയ്ത സംഭവത്തില് എസ്എഫ്ഐ പ്രവര്ത്തകര്ക്കെതിരേ കേസെടുത്തു. പേരാവൂര് പോലീസാണ് കേസെടുത്തത്.
മണത്തണ ഗവ.സ്കൂളിലെ പാചകതൊഴിലാളി വസന്തയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. വ്യാഴാഴ്ചയാണ് സംഭവം. പഠിപ്പുമുടക്ക് സമരമായതിനാല് ഉച്ചഭക്ഷണം വയ്ക്കരുതെന്ന് പറഞ്ഞായിരുന്നു. കൈയറ്റം. അടുപ്പത്തേയ്ക്ക് ഇട്ട അരി പ്രവര്ത്തകര് തട്ടിതെറുപ്പിച്ചതോടെ വസന്തയുടെ കാലിന് പൊള്ളലേറ്റിരുന്നു.